28 March 2024 Thursday

ബാങ്കിങ് സംവിധാനം സമ്മർദത്തിൽ: ഐപിഒ വിപണിയിലേക്ക് ഒഴുകുന്നത് കോടികൾ

ckmnews

ബാങ്കിങ് സംവിധാനം സമ്മർദത്തിൽ: ഐപിഒ വിപണിയിലേക്ക് ഒഴുകുന്നത് കോടികൾ


ഓഹരി വിപണി റെക്കോഡ് നേട്ടംകുറിച്ച് മുന്നേറുന്നതിനിടെ ഐപിഒയുമായി കമ്പനികളെത്തുന്നതും കാത്ത് നിക്ഷേപകർ. പ്രാരംഭ ഓഹരി വിപണിയിലേക്ക് വൻതോതിൽ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മർദത്തിലാക്കുന്നു. 


വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകൾക്കായി ഒരുകോടിയോളം ചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. 


ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകൾ തള്ളിപ്പോകാനുള്ള സാധ്യത വർധിച്ചു. ഒടിപി സന്ദേശങ്ങൾ വൈകാനും ഇടയാക്കി. ഇടപാടുകളുടെ വർധനമൂലം പലബാങ്കുകൾക്കും ഒരേസമയം അപേക്ഷകൾ പ്രൊസസ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ബ്രോക്കർമാരും അഭൂതപൂർവമായ തിരക്കിന് സാക്ഷിയായി. ഇതോടെ ബിഡ് സമയം രാത്രി എട്ടുവരെ നീളുകയുംചെയ്തു.


2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികൾ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റർനാഷണൽ, എക്‌സാരോ ടൈൽസ്, വിൻഡ്‌ലാസ് ബയോടെക്, കൃഷ്ണ ഡയഗ്നോസ്റ്റിക്‌സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. 


ഏത് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയാലും നിക്ഷേപകർ ചാടിപുറപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞദിവസമെത്തിയ നാല് കമ്പനികൾക്കും 24 മുതൽ 41 ഇരട്ടിവരെ അപേക്ഷകളാണ് ലഭിച്ചത്. 17,000 കോടിയിലേറെ രൂപമൂല്യമുള്ള അപേക്ഷകളാണ് വെള്ളിയാഴ്ചമാത്രം ലഭിച്ചത്. 


റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഒരുദിവസം സമാഹരിച്ച റെക്കോഡ് തുകയാണിതെന്ന് ബാങ്കുകൾ പറയുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം യുപിഐ വഴിയെത്തുന്ന അപേക്ഷകളിൽ 30ശതമാനവും തള്ളിപ്പോകാറാണ് പതിവ്. മൾട്ടിപ്പിൾ എൻട്രി, പേരും പാനും തമ്മിലുള്ള വ്യത്യാസം, പേയ്‌മെന്റ് മാൻഡേറ്റ് സ്വീകരിച്ച് പൂർത്തിയാക്കാത്തത് തുടങ്ങിയവയാണ് കാരണങ്ങൾ. വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടംനോട്ടമിട്ടാണ് റീട്ടെയിൽ നിക്ഷേപകരിലേറെയുമെത്തുന്നത്. അതുകൊണ്ടുതന്നെ കമ്പനികളക്കുറിച്ച് പഠിക്കാതെ കൂട്ടമായാണ് ചെറുകിട നിക്ഷേപകർ ഐപിഒക്ക് അപേക്ഷിക്കുന്നത്. അടുത്തയാഴ്ച തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നല് ഐപിഒകൾക്കൂടി വിപണിയിലെത്തുന്നുണ്ട്. 


ഒരു ഐപിഒയിൽ രണ്ടുലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരെയാണ് വ്യക്തികളായ റീട്ടെയിൽ നിക്ഷേപകരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.