24 April 2024 Wednesday

പെട്രോൾ പമ്പുകൾ വിറ്റു നേട്ടം കൊയ്യാൻ ഇന്ത്യൻ ഓയിൽ

ckmnews

പെട്രോൾ പമ്പുകളുടെ വിൽപ്പനയിലൂടെ പണമുണ്ടാക്കാൻ പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) ഒരുങ്ങുന്നു. ഇന്ത്യയിലുള്ള മുപ്പതിനായിരത്തിലേറെ പമ്പുകളിൽ ചിലതു മലേഷ്യയിലെ പെട്രോണാസുമായി ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ പെട്രോണാസ് ലിമിറ്റഡി(ഐ പി പി എൽ)നു വിൽക്കാനാണ് ഐ ഒ സിയുടെ പദ്ധതിയെന്നു  കമ്പനി ഡയറക്ടർ(ഫിനാൻസ്) എസ് കെ ഗുപ്ത വെളിപ്പെടുത്തി. പാചക വാതക ഇറക്കുമതിക്കായി രണ്ടു പതിറ്റാണ്ടു മുമ്പാണ് ഇന്ത്യൻ ഓയിലും പെട്രോണാസും ചേർന്ന് 50:50 ഓഹരി പങ്കാളിത്തത്തോടെ ഐ പി പി എൽ സ്ഥാപിച്ചത്. ഈ സംയുക്ത സംരംഭത്തിന്റെ പ്രവർത്തനം ഇന്ധന വിൽപ്പനയിലേക്കും പ്രകൃതി വാതക വിപണനത്തിലേക്കും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. 

പുതിയ ഡീലർഷിപ്പുകൾ അനുവദിക്കുമ്പോൾ പൊതുമേഖല എണ്ണ വിപണന കമ്പനികൾക്കു ബാധകമായ വ്യവസ്ഥകൾ പിന്തുടരേണ്ടി വരില്ലെന്നതാണ് ഐ പി പി എല്ലിന്റെ നേട്ടം. അർഹരായ പങ്കാളികളെ കണ്ടെത്തി അനുയോജ്യമായ സ്ഥലസൗകര്യവും ലഭിച്ചാൽ സ്വകാര്യ കമ്പനിയായ ഐ പി പി എല്ലിനു പെട്രോൾ പമ്പ് തുറക്കാം. അതേസമയം, പൊതുമേഖല എണ്ണ കമ്പനികളുടെ പമ്പ് വിതരണത്തിനു നറുക്കെടുപ്പ് വരെ വേണ്ടി വരാം. ഐ പി പി എല്ലിനു മുന്നിൽ എല്ലാ സാധ്യതകളും ലഭ്യമാണെന്നു ഗുപ്ത വിശദീകരിച്ചു; അവർക്കു പുതിയ വിൽപ്പന ശാല തുറക്കാം. അതല്ലെങ്കിൽ ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ ദീർഘദൂര യാത്രികർക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിക്കാം. മാത്രമല്ല, നിലവിലുള്ള ഔട്ട്ലെറ്റുകൾ ഐ പി പി എല്ലിനു വിറ്റ് പണം നേടാൻ ഐ ഒ സിക്കും സാധിക്കും. ഫുഡ് കോർട്ടുകളും തുറക്കാം. 
ഇന്ധന വിൽപ്പനയ്ക്കു പുറമെ വൈദ്യുത വാഹന ചാർജിങ്ങിനും ബാറ്ററി കൈമാറ്റത്തിനുമൊക്കെ സൗകര്യമുള്ള പമ്പുകളാവും ഐ പി പി എൽ സ്ഥാപിക്കുക. സമ്മർദിത പ്രകൃതി വാതക(സി എൻ ജി)/ദ്രവീകൃത പെട്രോളിയം വാതക(എൽ പി ജി)/ദ്രവീകൃത പ്രകൃതി വാതക(എൽ എൻ ജി) ഡിസ്പൻസിങ് സൗകര്യവുമുണ്ടാവും. റിലയൻസ് ഇൻഡസ്ട്രീസും യു കെയിൽ നിന്നുള്ള പങ്കാളിയായ ബി പി പി എൽ സിയും സ്വീകരിക്കുന്ന ശൈലിയാവും പെട്രോൾ പമ്പ് മേഖലയിൽ ഐ പി പി എൽ പിന്തുടരുകയെന്നാണു സൂചന.
ഇന്ത്യയിൽ ഇന്ധന ചില്ലറ വിൽപ്പന രംഗത്തു പ്രവർത്തിക്കുന്ന ഏഴാമതു കമ്പനിയായിട്ടാവും ഐ പി പി എല്ലിന്റെ രംഗപ്രവേശം. രാജ്യത്തെ 77,709 പെട്രോൾ പമ്പുകളിൽ 32,303 എണ്ണമാണ് ഇന്ത്യൻ ഓയിൽ നടത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയത്തിന് 18,766 പമ്പുകളും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന് 18,776 പമ്പുകളുമുണ്ട്. മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്(എം ആർ പി എൽ) ഇരുപതോളം പമ്പുകൾ നടത്തുന്നുണ്ട്.
സ്വകാര്യ മേഖലയിലാവട്ടെ റോസ്നെഫ്റ്റിന്റെ നയാര എനർജിക്കാണ് ഏറ്റവുമധികം വിൽപ്പന ശാലകൾ: 6,152 പമ്പുകൾ. റിലയൻസും ബി പിയും ചേർന്നുള്ള റിലയൻസ് ബി പി മൊബിലിറ്റി ലിമിറ്റഡിന് 1,422 പമ്പുകളും ഷെല്ലിന് 270 ഔട്ട്ലെറ്റുകളുമുണ്ട്. പശ്ചിമ  ബംഗാളിലെ ഹാൽദിയയിലും തമിഴ്നാട്ടിലെ എണ്ണോറിലുമാണ് ഐ പി പി എല്ലിന്റെ വാതക ഇറക്കുമതി ടെർമിനലുകൾ പ്രവർത്തിക്കുന്നത്. രാജ്യത്ത് പ്രൊപ്പേൻ/ബ്യൂട്ടേൻ/എൽ പി ജി വിതരണ മേഖലയിലെ മുൻനിരക്കാരാണ്  ഐ പി പി എൽ.