29 March 2024 Friday

കേരളാ പോലീസിനെ സ്നേഹിച്ച ഒരു വ്യത്യസ്ത കുടുംബം.*

ckmnews


മലപ്പുറം:ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ അരിപ്ര ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് പേരാണ് കേരളാ പോലീസിൽ സേവനമനുഷ്ഠിക്കുന്നത്. മലപ്പുറം ആംമ്ഡ് റിസർവ് ക്യാമ്പിലെ മോട്ടോർ ട്രാൻസ് പോർട്ട് വിങ്ങിലെ സബ് ഇൻസ്പെക്ടറായ മുഹമ്മദ്, മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് വിങ്ങിലെ എഎസ്ഐ നസീർ, മലപ്പുറം കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നിസാർ എന്നിവരാണ് അരിപ്രിയിലെ തോടേങ്ങൽ മുഹമ്മദ് കുട്ടി ആയിശ ദമ്പതികളുടെ മക്കൾ.1989 ലാണ് മൂത്ത മകനായ മുഹമ്മദ്‌  പോലീസ് കോൺസ്റ്റബിൾ ഡ്രൈവറായി മലപ്പുറം എം എസ് പിയിൽ ജോലിയിൽ പ്രവേശിച്ചത്.  ശേഷം കുടുംബം പുതിയ ചരിത്രത്തിനു തുടക്കം കുറിക്കുകയായിരുന്നു. ജേഷ്ഠൻറെ പാത പിന്തുടർന്ന് അനുജൻ നസീർ 1998 ലും നിസാർ 2005 ലും പോലീസിൽ ചേർന്നതോടെ ഒരേ വീട്ടിൽ നിന്നുള്ള പോലീസിന്റെയെണ്ണം മൂന്നായി. മീശ പിരിച്ച ഇടിയൻ  പോലീസിനെ കണ്ട് പരിചയിച്ച നാട്ടുകാർക്ക് പോലീസിന്റെ മനുഷ്യമുഖം പരിചയപ്പെടുത്തിയതിൽ ഇവർക്കുള്ള പങ്ക് നിസ്തുലമാണ്.ബന്ധുവീടുകളിലെയും അയൽ വീട്കളിലെയും ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ പങ്കെടുക്കാൻ സാധിക്കാതെ വരുന്നത് തുടക്കത്തിൽ മനപ്രയാസം സൃഷ്ടിച്ചിരുന്നുവെങ്കിലും പതിയെ ഇതൊക്കെ ജീവിത രീതിയായി മാറിയ കഥയാണ് മൂവർക്കും പങ്ക് വെക്കാനുള്ളത്. വിശേഷ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ചേരാൻ കഴിയാത്തതിന്റെ വിഷമങ്ങൾക്കിടയിലും  മൂല്യങ്ങളുയർത്തിപിടിച്ചു മാതൃക പോലീസുകാരായി ജീവിക്കുന്നതിന്റെ സന്തോഷവും അഭിമാനത്തോടെ പങ്ക് വെക്കുന്നു. മക്കയിലെ സാംസങ് കമ്പനിയിൽ ഉദ്യോഗസ്ഥനായ മുഹാദ്, ഷക്കീല ഉമ്മർ അങ്ങാടിപ്പുറം, വേങ്ങര ഹയർ സെക്കന്ററി സ്കൂൾ  അദ്ധ്യാപിക സലീന അനസ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. വ്യത്യസ്ത സ്റ്റേഷനുകളിൽ ജോലി ചെയ്യുമ്പോഴും പരസ്പരം കാണാനും കുടുംബ ബന്ധങ്ങൾ പുലർത്താനും നാട്ടിൽ ക്ലബ്ബുമായി ചേർന്ന് കാലാ കായിക സാംസ്‌കാരിക മേഖലകളിൽ ഭാഗമാവുന്നതിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഈ സഹോദരങ്ങൾ. മാതാപിതാക്കളെ ബഹുമാനിക്കാനും  നിയമങ്ങൾ പാലിച്ചു നല്ല നാളേക്ക് വേണ്ടി കരുതലും പുതു തലമുറക്ക് ഉപദേശിക്കുകയാണി മാതൃക പോലീസുകാർ.