29 March 2024 Friday

ഇന്ത്യന്‍ പോത്തിറച്ചിക്ക് വിദേശത്ത് വന്‍ ഡിമാന്‍ഡ്, വര്‍ദ്ധന 106 ശതമാനം വരെ

ckmnews

കോട്ടയം: കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്. 106 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഹോങ്കോങ്, വിയറ്റ്നാം, മലേഷ്യ, ഇറാഖ്, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇറച്ചി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 70 ലേറെ രാജ്യത്തേക്ക് 7543 കോടി രൂപയുടെ പോത്തിറച്ചി കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 3668 കോടി രൂപയുടെ പോത്തിറച്ചിയാണ് കയറ്റുമതി ചെയ്തത്.

എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കുന്നതിനാലാണ് ഇന്ത്യന്‍ ഇറച്ചിക്ക് വിദേശവിപണി നഷ്ടപ്പെടാത്തതെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതിചെയ്യുന്നത് പാടേ വെട്ടിക്കുറച്ചിരുന്നു. ആ സ്ഥാനത്താണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഇറച്ചി ഉല്പന്നങ്ങള്‍ വിദേശരാജ്യങ്ങള്‍ കൊണ്ടുപോവുന്നത്.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോണ്‍ ആനിമല്‍ ഹെല്‍ത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി മാംസം തയ്യാറാക്കി കയറ്റുമതി ചെയ്യുന്നതിനാല്‍ ഗുണനിലവാരം, പോഷകമൂല്യം, അപകടസാധ്യതയില്ലായ്മ എന്നിവയിലുള്ള മികച്ച സ്ഥിതിയാണ് വിദേശവിപണിയില്‍ ഇന്ത്യന്‍ പോത്തിറച്ചിയെ പ്രിയപ്പെട്ടതാക്കുന്നത്. എല്ലില്ലാത്ത മാംസം മാത്രമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ അനുവദിക്കൂ എന്നതും വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

പച്ചക്കറി ഉള്‍പ്പെടെയുള്ള എല്ലായിനം ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതിയില്‍ രാജ്യത്തിന് 17.4 ശതമാനം വളര്‍ച്ചയുണ്ട്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെ 410 കോടി ഡോളര്‍ മൂല്യമുള്ള സംസ്കരിച്ച കാര്‍ഷിക ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. പഴങ്ങളും പച്ചക്കറികളും മറ്റ് സംസ്കരിച്ച ഭക്ഷണങ്ങള്‍, സമുദ്ര വിഭവങ്ങള്‍, ഇറച്ചി, ഇറച്ചി ഉത്പന്നങ്ങള്‍, അരി, ഗോതമ്ബ് തുടങ്ങിയവ ഉള്‍പ്പെടെയാണ്.