19 April 2024 Friday

കയ്യാങ്കളി കേസ്: രാജി ആവശ്യം തള്ളി മുഖ്യമന്ത്രി; സഭയിലെത്താതെ മന്ത്രി

ckmnews

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം വി. ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി എത്താതിരുന്നത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല, പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണു വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നത് പുതിയ സംഭവമല്ലെന്നും അങ്ങനെയാണെന്നു പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയെ സംബന്ധിച്ച് രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്കു ബാധകമല്ലെന്നു വരുന്നതു സഭയുടെ അന്തസ്സു തകര്‍ക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. യുപി, തമിഴ്‌നാട്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളിലും പാര്‍ലമെന്റിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരുതരത്തിലും നിയമ വിരുദ്ധമല്ല. സര്‍ക്കാര്‍ നടപടി അസാധാരണമായോ നിയമവിരുദ്ധമായോ കാണാനാകില്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെടുത്തത്. തെളിവുകളോ മറ്റു വിഷയങ്ങളോ പിന്‍വലിക്കല്‍ അപേക്ഷയ്ക്ക് അടിസ്ഥാനം ആകേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കിലും സുപ്രീംകോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.


മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് പ്രതികളെന്നു സംശയിച്ചു പോകുമെന്ന് പി.ടി. തോമസ് പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ.എം.മാണിയുടെ ആത്മാവായിരിക്കും. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെയാണ് ശിവന്‍കുട്ടി അന്ന് സ്പീക്കറുടെ ചേംബറില്‍ കയറിയത്. അങ്ങനെയുള്ള വിദ്യാഭ്യാസമന്ത്രിക്കു കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മാതൃകാ പുരുഷന്‍ ആകാന്‍ കഴിയുമോയെന്നു പി.ടി. തോമസ് ചോദിച്ചു. ശിവന്‍കുട്ടി ഉറഞ്ഞുതുള്ളിയ രംഗം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു കാണാം. കഠാര ഊരിപ്പിടിച്ച് മുണ്ടു മടക്കിക്കുത്തി വരുന്ന സത്യന്‍ കഥാപാത്രത്തെപ്പോലെയാണ് ശിവന്‍കുട്ടി. പൊതുമുതല്‍ നശിപ്പിച്ച മന്ത്രിക്ക് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയില്ല. ഒരു നിമിഷം വൈകാതെ മന്ത്രിയെ പിടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്നും പി.ടി. തോമസ് പറഞ്ഞു.


സുപ്രീം കോടതി തള്ളിയ കേസ് മുഖ്യമന്ത്രി സഭയില്‍ ന്യായീകരിച്ചത് നിയമവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരായിട്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേസ് പിന്‍വലിക്കാനാവില്ലെന്നു നിയമോപദേശം നല്‍കിയ  അഭിഭാഷകയെ സ്ഥലം മാറ്റി. നിയമസഭയില്‍ സംസാരിക്കാനും വോട്ട് ചെയ്യാനും അംഗങ്ങള്‍ക്ക് അവകാശം ഉണ്ട്. ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയെ കുത്തിയാല്‍ നിയമസംരക്ഷണം ഉണ്ടോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ഖജനാവിലെ പണം തന്നെ വീണ്ടും ഉപയോഗിച്ചു. ഇതൊക്കെ കണ്ടാല്‍ എംഎല്‍എമാര്‍ക്ക് എന്താ കൊമ്പുണ്ടോയെന്നു ജനം ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.