20 April 2024 Saturday

കൊച്ചിയില്‍ ആറു വയസുകാരിക്ക് ക്രൂര മര്‍ദ്ദനം: അച്ഛന്‍ കസ്റ്റഡിയില്‍

ckmnews

കൊച്ചി: തോപ്പുംപടിയില്‍ ആറു വയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. തോപ്പുംപടി ബീച്ച്‌ റോഡിന് സമീപമാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ സേവ്യര്‍ റോജനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടി പഠിക്കുന്നില്ലെന്ന് ആരോപിച്ച്‌ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. അയല്‍വാസികളാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കാറുണ്ടെന്ന വിവരം പോലീസില്‍ അറിയിച്ചത്. സേവ്യറും ഭാര്യയും വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്.

ചൂരല്‍ വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നത്. കുട്ടിയുടെ ശരീരം മുഴുവന്‍ തല്ലിയതിന്റെ പാടുകളാണ്. സേവ്യറിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പരിക്കേറ്റ കുട്ടിയെ പള്ളുരുത്തിയിലെ കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.