തൃത്താലയുടെ വികസനത്തിന് സ്പീക്കർ ഗ്ലോബൽ പ്രൊഫഷണൽ വെബ് കോൺഫറൻസ് സംഘടിപ്പിച്ചു.
തൃത്താലയുടെ വികസനത്തിന് സ്പീക്കർ ഗ്ലോബൽ പ്രൊഫഷണൽ വെബ് കോൺഫറൻസ് സംഘടിപ്പിച്ചു.
ചങ്ങരംകുളം:തൃത്താല മണ്ഡലത്തിൻ്റെ വികസനം ലക്ഷ്യമിട്ട് ഗ്ലോബൽ പ്രൊഫഷണൽ വെബ് കോൺഫറൻസ് പരിപാടി സംഘടിപ്പിച്ചു.സ്പീക്കർ എം.ബി.രാജേഷ് മുൻകയ്യെടുത്ത ഓൺലൈൻ പരിപാടിയിൽ നൂറിലധികം പ്രൊഫഷണലുകൾ പങ്കെടുത്തു. സ്വന്തം നാടിൻ്റെ വികസനത്തിൽ പങ്കാളിയാവാൻ ലോകത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ അറിവ് ,അനുഭവം , നൂതന ആശയങ്ങൾ , കഴിവ് എന്നിവ സംയോജിച്ച് ഇവർക്ക് അവസരം നൽകുകയാണ് പദ്ധതിയുടെലക്ഷ്യം.
ഗ്രാമീണ മണ്ഡലമായ തൃത്താലയിൽ സ്റ്റാർട്ടപ്പുകൾ, ഐടി മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വലിയ സഹായം നൽകാൻ കഴിയുമെന്ന് കോൺഫറൻസിൽ പങ്കെടുത്തവർ വാഗ്ദാനം ചെയ്തു.വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കാനും അതനുസരിച്ച് ആശയങ്ങൾ വികസിപ്പിച്ച് പുതിയ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും തീരുമാനിച്ചു.തൃത്താല മണ്ഡലത്തിൽ സർക്കാരിൻ്റെ വികസന പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന സാങ്കേതിക സമിതി രൂപീകരിക്കും.പ്രൊഫഷണലുകളെ ഉൾപ്പെടുത്തി
സാങ്കേതിക സമിതിയുമായി ഏകോപിപ്പിച്ച് വർക്കിങ് ഗ്രൂപ്പുകളാക്കിയാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകും.വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് മാർഗ നിർദ്ദേശങ്ങൾ നൽകാനുള്ള സ്ഥാപനം , വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വർക്ക് സ്റ്റേഷൻ , ആരോഗ്യരംഗത്ത് ബോധവൽക്കരണത്തിനും വ്യായാമത്തിനും പ്രത്യേക പദ്ധതികൾ , ലിറ്റററി ഫെസ്റ്റിവൽ, മൺസൂൺ കാർണിവൽ, തൃത്താല മാരത്തൺ , ടൂറിസം വികസനത്തിന് പ്രവാസികളെ ഉൾപ്പെടുത്തി സഹകരണ സംഘം എന്നിങ്ങനെ വന്ന നിർദ്ദേശങ്ങളെ പ്രൊജക്ട് നിർദ്ദേശങ്ങളായി വികസിപ്പിച്ച് നൽകണമെന്ന് സ്പീക്കർ അദ്യർത്ഥിച്ചു.കുടുംബശ്രീയെ ഉപയോഗിച്ച് ഗ്രാമീണ സ്ത്രീകളുടെ വൈദഗ്ധ്യത്തെ വികസിപ്പിച്ച് അവർക്ക് ജീവിതമാർഗമുണ്ടാക്കാൻ കഴിയണ രീതിയിൽ കുടുംബശ്രീയോട് ഉപജീവന പദ്ധതി തയാറാക്കാൻ ആവശ്യപ്പെട്ടുവെന്നും തൃത്താലയുടെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കാനായി പ്രവാസികളുടെ വെബ് കോൺഫറൻസ് അടുത്തു തന്നെ സംഘടിപ്പിക്കുമെന്നും സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.