25 April 2024 Thursday

മുഹമ്മദിനായി മലയാളികൾ നല്‍കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്‍ക്കും കനിവാകും

ckmnews

മുഹമ്മദിനായി മലയാളികൾ നല്‍കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്‍ക്കും കനിവാകും


കണ്ണൂർ: എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി സുമനസ്സുകൾ സംഭാവനയായി നൽകിയത് 46.78 കോടി രൂപ. പതിനെട്ട് കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്ന് മാതാപിതാക്കൾ അറിയിച്ചു. 


7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക. അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നൽകുമെന്ന് ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. 


കണ്ണൂ‍ർ സ്വദേശിയായ റഫീഖിൻ്റേയും മറിയത്തിൻ്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോ​ഗത്തിൻ്റെ ചികിത്സയ്ക്ക്  ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാൽ മുഴുവൻ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു. 


ഈ ഘട്ടത്തിലാണ് മുഹമ്മദിൻ്റെ കഥ വാ‍ർത്തയായി വരുന്നത്. രണ്ടോ മൂന്നോ ചുവടുകൾ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്