28 March 2024 Thursday

സംസ്ഥാനത്ത് പരക്കെ മഴമണ്ണിടിച്ചില്‍:ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

ckmnews

സംസ്ഥാനത്ത് പരക്കെ മഴമണ്ണിടിച്ചില്‍:ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം


തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്.തിരുവനന്തപുരത്ത് ഇടവിട്ടു ശക്തമായ മഴ ലഭിക്കുന്നു.സംഭരണികളിലേക്കു നീരൊഴുക്ക് വര്‍ധിച്ചു. നെയ്യാര്‍, കരമന, കിള്ളിയാറുകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത  മണിക്കൂറുകളില്‍ സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞതോടെ 15 കുടുംബങ്ങളെയും 8 ഇതര സംസ്ഥാന തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു. ചാലിയാറിന്റെയും പോഷകനദികളുടെയും വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ  മഴ തുടരുന്നതാണ് പുഴകളില്‍ ജലനിരപ്പ് ഉയരാനുള്ള കാരണം. അട്ടപ്പാടിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയില്‍ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.


ഇടുക്കിയിലും മഴ ശക്തമാണ്. മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉടുമ്പന്‍ചോലയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു, നാല് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക കൃഷിനാശമുണ്ടായി. ജില്ലയില്‍ ഇന്നും നാളെയും രാത്രിയാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലങ്കര, കല്ലാര്‍ക്കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.