28 March 2024 Thursday

തിരൂരിൽ നിന്ന് അതിഥിത്തൊഴിലാളികളുമായി പോയ ട്രെയിൻ അപകടത്തിൽ പെട്ടു

ckmnews


മംഗളൂരു ∙ സിഗ്നൽ തെറ്റിച്ച് മുന്നോട്ടു നീങ്ങിയ ട്രെയിൻ ഓവർ ഷൂട്ട് ട്രാക്കും മറികടന്ന് മണ്ണിൽ ഇടിച്ചു നിന്നു. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. തിരൂരിൽ നിന്ന് 1452 അതിഥിത്തൊഴിലാളികളുമായി ജയ്പൂരിലേക്കു പോയ ട്രെയിനാണ് മംഗളൂരുവിനടുത്ത് പടീൽ റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. 2 എൻജിനുകളുണ്ടായിരുന്ന ട്രെയിനിലെ ആദ്യ എൻജിൻ പൂർണമായും രണ്ടാമത്തേതു ഭാഗികമായും പാളം വിട്ടിറങ്ങി. ഓവർഷൂട്ട് ട്രാക്കുമായി ബന്ധിപ്പിച്ചില്ലായിരുന്നെങ്കിൽ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുമായിരുന്നു.പടീൽ കഴിഞ്ഞാൽ കൊങ്കൺ ഭാഗത്തേക്ക് ഒറ്റവരിപ്പാതയാണ്. ഹാസനിലേക്കുള്ള ചരക്കുവണ്ടിക്കു കടന്നുപോകാനാണ് ജയ്പൂരിലേക്കു പോകുന്ന ട്രെയിനിന് ചുവപ്പു സിഗ്നൽ നൽകിയത്. സിഗ്നൽ നൽകുമ്പോൾ തന്നെ ട്രാക്ക് സമാന്തരമായുള്ള ഓവർഷൂട്ട് ട്രാക്കിലേക്ക് ബന്ധിപ്പിക്കും. സിഗ്നലിൽ ട്രെയിൻ നിൽക്കാതെ വന്നാൽ എതിരെ വരുന്ന ട്രെയിനുമായി കൂട്ടിയിടിക്കാതിരിക്കാൻ ആണിത്. 400 മീറ്ററുള്ള ഈ ട്രാക്കിന്റെ ഒടുവിലുള്ള ബാരിക്കേഡും തകർത്താണ് മണ്ണ് നിറച്ച സ്ഥലത്തേയ്ക്കു ട്രെയിൻ ഇടിച്ചു കയറി നിന്നത്.


എൻജിനുകളിൽ നിന്നു ട്രെയിൻ വേർപെടുത്തി മറ്റൊരു എൻജിൻ എത്തിച്ച് യാത്രക്കാരെ മംഗളൂരുവിൽ എത്തിച്ചു. പിന്നീട് പുതിയ എൻജിൻ ഉപയോഗിച്ച് 5.30നു യാത്ര പുനരാരംഭിച്ചു. ഭാഗികമായി പാളത്തിനു പുറത്തുപോയ എൻജിൻ തിരികെക്കയറ്റി. പൂർണമായി മണ്ണിൽ ഇടിച്ചിറങ്ങിയ എൻജിൻ ട്രാക്കിൽ കയറ്റാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണെന്നു സീനിയർ സെക്‌ഷൻ എൻജിനീയർമാരായ എ.വി.പ്രവീൺ, കെ.പി.സുജിത്, ജൂനിയർ എൻജിനീയർ എം.ടി.ശ്രീരേഷ് എന്നിവർ അറിയിച്ചു.