നിര്‍മാണ അപാകത; വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വീണ്ടും കുത്തിപ്പൊളിക്കുന്നു
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അവസാന ഘട്ടത്തിലെത്തുമ്ബോള്‍ നിര്‍മിച്ച റോഡിന് നിലവാരമില്ലെന്ന് കണ്ടെത്തല്‍. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജന്‍സി ഐ.സി.ടിയാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ അപാകത കണ്ടെത്തിയ ഭാഗങ്ങള്‍ ടാറിങ് ഉള്‍പ്പെടെ പൊളിച്ചുനീക്കി വീണ്ടും പണിയുകയാണിപ്പോള്‍.
പന്തലാംപാടത്ത് റോഡ് കുത്തിപ്പൊളിച്ച് റീടാറിങ് തുടങ്ങി. പണി കഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. ഡ്രൈനേജുകളുടെ പണിയും ഫലപ്രദമായിട്ടില്ല.
നിര്‍മാണ അപാകതയുണ്ടെന്ന് ഹൈകോടതി നിയമിച്ച കമീഷന് കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ബാങ്കുകള്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. 2018 മാര്‍ച്ച് വരെയാണ് പാത കമീഷന് ചെയ്യാന്‍ ദേശീയപാത അതോറിറ്റി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ 2021 പകുതി പിന്നിട്ടിട്ടും പാത നിര്‍മാണം പാതിവഴിയിലാണ്.