24 April 2024 Wednesday

സംഘടനയെ തള്ളി പാലക്കാട്, പാലക്കാട് - ചാലിശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നു

ckmnews


തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ ബസുകളും സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ ധാരണയായി. ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ സാവകാശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പൊതുഗതാഗതം പുനഃരാരംഭിച്ചു. ജില്ലകള്‍ക്കുള്ളില്‍ രാവിലെ ഏഴു മുതല്‍ രാത്രി എഴു വരെയാണ് സര്‍വീസ്. 14 ജില്ലകളിലായി 1850 ഒാര്‍ഡിനറി ബസുകളാണ് ഓടിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 499 എണ്ണം. കൈകള്‍ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കി മാസ്ക് ധരിച്ചവരെ മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 12 രൂപയാണ് മിനിമം ചാര്‍ജ്.പാലക്കാട് ജില്ലയിൽ ബസ് ഉടമ സംഘടനകളുടെ നിലപാട് തള്ളി ഏതാനും സ്വകാര്യ ബസുകൾ സർവീസ് പുനരാരംഭിച്ചു. 

പാലക്കാട് - ചാലിശ്ശേരി, ഒറ്റപ്പാലം - ഷൊർണൂർ, പട്ടാമ്പി- ഷൊർണൂർ, ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടുകളിലാണ് ബസുകൾ ഓടുന്നത്. നിരക്ക് വർധന ഉൾപ്പെടെ കെഎസ്ആർടി സിയുടെ അതേ മാനദണ്ഡങ്ങൾ പാലിച്ചാണു സർവീസ്. ആദ്യദിനം യാത്രക്കാരുടെ എണ്ണം കുറവാണ്.


ടിക്കറ്റ് നിരക്ക് 50 ശതമാനം വർധിപ്പിച്ചത് മതിയാകില്ലെന്നും ഇരട്ടി ചാർജ് നൽകണമെന്നുമാണ് ഒരു വിഭാഗം ബസ് ഉടമകൾ നിലപാടെടുത്തിരുന്നത്. നിലവിലുള്ള മാനദണ്ഡം പാലിച്ച്, കുറഞ്ഞ സമയത്തു മാത്രം ബസ് സർവീസ് നടത്തുന്നത് വൻ നഷ്ടത്തിന് ഇടയാക്കും എന്നും ഉടമകൾ പറഞ്ഞിരുന്നു.