20 April 2024 Saturday

ലോക്ക് ഡൗണിൽ അഭയം തേടിയ സുഹൃത്ത് തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് കടന്നു കളഞ്ഞതായി യുവാവിന്റെ പരാതി.

ckmnews



 ലോക്ക് ഡൗണിൽ അഭയം തേടിയ സുഹൃത്ത് തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് കടന്നു കളഞ്ഞതായി യുവാവിന്റെ പരാതി. മൂവാറ്റുപുഴ സ്വദേശിയായ ഗൃഹനാഥനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്നാർ സ്വദേശിയാണ് ഇയാളുടെ ഭാര്യയും കുട്ടികളുമായി ഒളിച്ചോടിയത്. പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.


കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാന്‍ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവര്‍ക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ കുടുങ്ങിയ ഇയാള്‍ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്ബ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പർ കണ്ടുപിടിച്ച്‌ ഗൃഹനാഥനെ വിളിക്കുകയായിരുന്നു.


ലോക്ഡൗണില്‍ ഒന്നരമാസത്തോളം ഇയാള്‍ മൂവാറ്റുപുഴയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ താമസിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ സ്വദേശിയെയും യുവതിയെയും കാണാതായത്.


സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥന്‍ ഭീഷണി മുഴക്കി.

ഫോണ്‍ ഓഫായതിനാല്‍ യുവതിയെയും കുഞ്ഞുങ്ങളെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ല.