24 April 2024 Wednesday

കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി കവര്‍ച്ചാ ശ്രമം; രണ്ട് പേര്‍ പിടിയില്‍

ckmnews

കോഴിക്കോട്: കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി കവര്‍ച്ചാ നടത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി.

കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പിപിഇ കിറ്റ് ധരിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞാണ് ഇവര്‍ വീട്ടിലെത്തിയത്. ഇവരുടെ കൈയില്‍ നിന്ന് കത്തി, മുളകുപൊടി, കയര്‍ എന്നിവ കണ്ടെത്തി.

തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്ബില്‍ അനസ്, ഓട്ടോ ഡ്രൈവറായ തേക്കുംതോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന അനസ് സിറിയക് എന്നയാളുടെ വീട്ടിലെത്തി. വാക്‌സിനേഷന്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു.

പക്ഷേ രണ്ട് ദിവസമായി വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്‌കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.