25 April 2024 Thursday

വിസ്മയിപ്പിക്കുന്ന കാലിഗ്രഫിയുമായി ഇന്ത്യാ ബുക് ഓഫ് റെക്കോർഡിൽ ഇടം നേടി ഇർശാദ് വിദ്യാർത്ഥിനി

ckmnews

വിസ്മയിപ്പിക്കുന്ന കാലിഗ്രഫിയുമായി ഇന്ത്യാ ബുക് ഓഫ് റെക്കോർഡിൽ ഇടം നേടി  ഇർശാദ് വിദ്യാർത്ഥിനി

 

ചങ്ങരംകുളം :പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഫാത്വിമ നസ് ലക്കു ഇതു ആനന്ദത്തിൻ്റെ നിമിഷം. തൻ്റെ തീവ്രമായ അഭിലാഷം നിറവേറ്റപ്പെടുകയെളുപ്പമല്ലായെന്നറിഞ്ഞിട്ടും കഠിന പ്രയത്നത്തിനിടെ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്വിമ നസ് ല മറ്റുള്ളവർക്കു കൂടി മാത്യകയായിരിക്കുകയാണ്.

    അറബിക് കാലിഗ്രഫിയിൽ ചെറുപ്പം മുതൽ തന്നെ അസാമാന്യ കഴിവു തെളിയിച്ച നസ് ല യുടെ  കാലിഗ്രഫികൾ നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖുർആനിലെ സൂറത്തു യാസീൻ പൂർണമായും ഒറ്റ ഷീറ്റിൽ മനോഹരമായി കാലിഗ്രഫി ചെയ്തതു വിലയിരുത്തിയാണു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നും ഔദ്യോഗിക അഭിനന്ദനവും അവാർഡു വിവരവും ലഭിക്കുന്നത്. പഠനത്തിൽ മിടുക്കിയും സകൂളിലെ വിവിധ മത്സരങ്ങളിലെ സ്ഥിരം ജേതാവുമായി മാറിയ നസ് ലക്കു അധ്യാപകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നും  ലഭിക്കുന്ന പ്രചോദനങ്ങൾ ഈയൊരു വലിയ നേട്ടത്തിലേക്കു അതിവേഗം നടന്നടുക്കുവാൻ സഹായകമായെന്ന് നസ് ല പറഞ്ഞു. ചങ്ങരംകുളം പള്ളിക്കര സ്വദേശി പള്ളത്ത്  അബ്ദുൽ മജീദ് - ജുബൈരിയ ദമ്പതികളുടെ മകളാണ് ഫാത്തിമ്മത്തുൽ നസ്‌ല.

        നസ്‌ല കൈവരിച്ച നേട്ടത്തിൽ ഇർശാദ് - മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.