25 April 2024 Thursday

ഓണ്‍ലൈന്‍ ഗെയിമിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും: മുന്നറിയിപ്പ്

ckmnews

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ ഗെയിമുകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുമെന്ന് പൊലീസ്. കുട്ടികളില്‍നിന്ന് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി എഡിജിപി മനോജ് എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു. സൈബര്‍ നിരീക്ഷണവും ബോധവൽകരണവും ശക്തിപ്പെടുത്തുമെന്നും അദേഹം അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന ചില പരാതികളില്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ വഴിയാണ് തട്ടിപ്പുകാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തിക തട്ടിപ്പിനൊപ്പം ലൈംഗിക ചൂഷണത്തിനുള്ള സാധ്യതയും ഇതിന്റെ പിന്നിലുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു. ഗെയിമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ നിരീക്ഷിച്ച പൊലീസ്, അവരുടെ മാനസിക–ശാരീരിക അവസ്ഥകളില്‍ പോലും മാറ്റങ്ങള്‍ സംഭവിച്ചതായും വിലയിരുത്തുന്നു. 


ഗെയിമുകളുടെ നിരോധനം ശാശ്വത പരിഹാരമല്ല. അതിനാല്‍ കുട്ടികളുടെ മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ മാതാപിതാക്കളുടെ നിരന്തര ജാഗ്രതയാണ് പൊലീസ് നിര്‍ദേശിക്കുന്നത്. മൊബൈല്‍ ഫോൺ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കണം. കലാ–കായിക വിനോദങ്ങളടക്കം മറ്റു മേഖലകളിലേക്ക് വഴി തിരിച്ചുവിടണം. കൈവിട്ടുപോകുന്ന സാഹചര്യം കണ്ടാല്‍ പൊലീസിന്റെ ‘ചിരി’ ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം തേടാം.