25 April 2024 Thursday

കെ-റെയില്‍: പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ckmnews

തിരുവനന്തപുരം: നിർദിഷ്ട തിരുവനന്തപുരം- കാസറ‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതിയുടെ  പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം  തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങൾക്ക് ചർച്ചയ്ക്കായി  നല്കണമെന്നും അത്തരമൊരു ചർച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. 

കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയിൽ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂർണമായ ഇലക്ട്രോണിക്സ് സിഗ്നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ശേഷി വലിയ തോതിൽ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും. ഒപ്പം ബ്രോഡ്ഗേജില്‍ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ആദ്യം എറണാകുളം- ഷൊർണൂര്‍ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗളൂര്‍ റൂട്ടിലും വന്നാല്‍ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസർകോടു വരെ 5- 6 മണിക്കൂറിൽ എത്താൻ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാന്‍ കഴിയും.  

മാത്രവുമല്ല, 96 ശതമാനവും ബ്രോഡ്ഗേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുമായി പൂരകമായി നിലകൊള്ളാനും കേരളത്തിൽ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും കഴിയും. കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ്;  ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം. ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ റെയിൽവേക്ക് നൽകാൻ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്കണം-  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഏ. പി. മുരളീധരന്‍  വാര്‍ത്താകുറിപ്പില്‍  ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയില്‍ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാന്‍ പാതയായിരിക്കും. ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നീതി ആയോഗ് പറഞ്ഞുകഴിഞ്ഞു. പണി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. ഒരു ട്രിപ്പില്‍ 675 യാത്രക്കാരുള്ള 74 ട്രിപ്പുകള്‍‍ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോൾ കണക്കാക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 79000 യാത്രക്കാര്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാവുന്നു. ഇത്രയും വലിയ ചാർജ് നല്കി ഇത്രയും യാത്രക്കാർ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ്. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തം.

ഇത്രയും വലിയൊരു പ്രോജക്ടിന്റെ വിശദ പദ്ധതി രേഖ,‍ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസറ‍ഗോഡ് മതിൽ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍ 292 കി.മീ. എംബാങ്ക്മെന്റ് (embankment) എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.

ഇപ്പോള്‍ തന്നെ ഇന്ത്യന്‍ റെയില്‍വെ പൊതുമേഖലയില്‍ നിർമിച്ച അര്‍ധ അതിവേഗ തീവണ്ടികളായ ഗതിമാന്‍, വന്ദേഭാരത് എന്നീ എക്സ്പ്രസ്സുകള്‍ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്ഗേജിലാണ്. കേരളത്തിലും ബ്രോഡ്ഗേജ് പാത ശക്തിപ്പെടുത്തിയാല്‍ ഇത്തരം വണ്ടികള്‍ ഓടിക്കാം. ഇന്ത്യന്‍ റെയില്‍വെക്ക് പൂരകമായ സംവിധാനം ഉണ്ടാക്കാനും കഴിയും. ലോകത്തില്‍ ചില വികസിത രാജ്യങ്ങള്‍ സ്റ്റാന്റേര്‍ഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ല.

ജനങ്ങള്‍ക്ക് ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമാണ് സില്‍വര്‍ ലൈന്‍ കൊണ്ടുണ്ടാകേണ്ടത്. അത് ലഭ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. അതിന്റെ തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരം പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്ന് പരിഷത്ത് കരുതുന്നു. ആയതിനാൽ കെ-റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന് കേരള സര്‍ക്കാരിനോടും പ്രോജക്ട് മാനേജ്മെന്റിനോടും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.