ചാലിശ്ശേരി: അരനൂറ്റാണ്ടുകാലം ചാലിശ്ശേരി മുലയമ്പറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ കോമരമായി ജോലിചെയ്തിരുന്ന ശിവശങ്കരൻ വെളിച്ചപ്പാടിന്റെ അനുസ്മരണ ചടങ്ങ് ഒക്ടോബർ 5-ാം തീയതി ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും.
മൂന്ന് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചാലിശ്ശേരി മുലയമ്പറമ്പത്തുകാവ് ക്ഷേത്രോത്സവത്തിൽ ദേവസ്വം എഴുന്നള്ളിപ്പിന്റെ മുന്നിൽ ദേവീസാന്നിധ്യമറിയിച്ച് 50 വർഷക്കാലം വിശ്വാസികൾക്ക് പൂവും മലരും നൽകിയ ദേവീഭക്തനെയാണ് ചാലിശ്ശേരിക്കാർക്ക് നഷ്ടമായത്. മുലയമ്പറമ്പത്തെ ആഘോഷങ്ങളിൽ ദേവിയുടെ വാളും ചിലമ്പുമണിഞ്ഞ് കോമരത്തിൻ്റെ അരിയേറും ചിലമ്പുകെട്ടിയ തുള്ളലും ഭക്തരുടെ മനസ്സിലെ മായാത്ത ഓർമ്മയാണ്. ഉത്സവകാലമടുക്കുന്നതോടെ ചാലിശ്ശേരി, ഒറ്റപ്പിലാവ്, കോക്കൂർ, പട്ടിശ്ശേരി, കൂറ്റനാട് തുടങ്ങി 96 ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേവീഭക്തരുടെ വീടുകളിൽ കാൽനടയായി ചെന്നാണ് ക്ഷേത്രത്തിലേക്കുള്ള വഴിപാട് പറകൾ എടുത്തിരുന്നത്. ഭക്തി നിറഞ്ഞ ജീവിതം നയിച്ച് ക്ഷേത്രവുമായി അഗാധമായ ബന്ധം പുലർത്തിയിരുന്ന ശിവശങ്കരൻ വെളിച്ചപ്പാടിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ചടങ്ങിൽ എല്ലാ ഭക്തജനങ്ങളെയും പങ്കുചേരാൻ കേന്ദ്ര പൂരാഘോഷ കമ്മിറ്റി, ചാലിശ്ശേരി അഭ്യർത്ഥിച്ചു.