കുന്നംകുളം: യേശുദാസ് റോഡിലെ ചേംബർ ഓഫ് കോമേഴ്സ് കെട്ടിടത്തിലെ പ്രധാന എ.സി. ഹാളിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.തീപിടിത്തത്തിൽ ഹാളിലെ മുകളിലെ സീലിംഗ്, കസേരകൾ, സെൻട്രലൈസ്ഡ് എസി, ഫാനുകൾ, പ്രൊജക്ടർ, ടൈലുകൾ എന്നിവ പൂർണ്ണമായും അഗ്നിക്കിരയായി. ഗ്ലാസ് ഡോറുകളും പൊട്ടിത്തെറിച്ചു. ഒന്നാം നിലയിലെ ഈ വലിയ ഹാൾ വിവാഹങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയ പ്രധാന പരിപാടികൾക്കായി ഉപയോഗിച്ചുവരുന്നതാണ്.പുലർച്ചെ ഹാളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചു. ചേംബർ ഓഫീസിലേക്കോ മറ്റ് ഹാളുകളിലേക്കോ തീ പടർന്നിട്ടില്ല. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.











