ചാലിശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചാലിശ്ശേരി,കൂനംമൂച്ചി യൂണിറ്റുകളുടെ സംയുക്ത ജനറൽബോഡി യോഗവും,കേരള സർക്കാറിന്റെ ‘മാലിന്യമുക്ത നവകേരളം’പദ്ധതിയുടെ ഭാഗമായി കെ.വി.വി. ഇ.എസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന “ശുചിത്വ തൃത്താല-സുന്ദര തൃത്താല’ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് എം.എം.അഹമ്മദുണ്ണിയുടെ അധ്യക്ഷതയിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു.
ആമുഖ പ്രസംഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.ബാലൻ “മാലിന്യമുക്ത നവകേരളം” പദ്ധതിയുമായി നിർബാധം സഹകരിച്ചുവരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃത്താല മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും യൂണിറ്റുകളിലെ പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി.പ്രോഗ്രാം കോർഡിനേറ്റർ ഷമീർ വൈക്കത്ത് “ശുചിത്വ തൃത്താല-സുന്ദര തൃത്താല”പദ്ധതിയുടെ വിശദീകരണം നടത്തി.
കെ.വി.വി.ഇ.എസ്.ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.ഷക്കീർ,കൂനംമൂച്ചി യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജിഷാദ്, ഹരിത കേരള മിഷൻ തൃത്താല ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നീരജ രാമദാസ്,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.മുജീബ് സ്വാഗതവും, ചാലിശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി ഷബീർ മദീന നന്ദിയും പറഞ്ഞു.