19 April 2024 Friday

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക്  കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേർ കാസർകോട്ടുകാരാണ്. മറ്റുള്ളവർ തൃശ്ശൂർ, കണ്ണൂർ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേർക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികൾ ഉണ്ട്. ഇതുവരെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച 206 പേർ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 767 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേക്കി റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ എത്തി. 1000 കിറ്റുകൾ അടങ്ങിയ ആദ്യത്തെ ബാച്ചാണ് ഇന്ന് എത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരിൻ്റെ ഫണ്ടുപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ വാങ്ങിയത്. രണ്ടായിരം റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ കൂടി ഞായറാഴ്ച എത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടരമണിക്കൂറിൽ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള തിരുവനന്തപുരം പോത്തൻകോട് മേഖലയിലാവും ആദ്യം ഉപയോഗിക്കാനാണ് സാധ്യത.