Home Changaramkulam

സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി നീട്ടില്ല കെഎസ്ആർടിസിക്ക് തിരിച്ചടി

തിരുവനന്തപുരം ∙ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പ് തള്ളി. 390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും. വാടകയ്ക്കെടുത്ത സ്കാനിയ ബസുകള്‍ കരാറുകാര്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പിന്‍വലിച്ചതോടെ ദിവസ വരുമാനത്തിലും ലക്ഷക്കണക്കിനു രൂപയുടെ കുറവാണ് ഉണ്ടായത്. കരാറുകാര്‍ പിൻവലിച്ച ശേഷം തിരികെ നൽകിയ സ്കാനിയ ബസിലൊന്ന് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ധനകാര്യസ്ഥാപനം കൊണ്ടുപോയി. ബസില്ലാത്തതിനാല്‍ ബെംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഒാരോ ദിവസവുമുണ്ടാകുന്നത്. ദീര്‍ഘദൂര റൂട്ടിലോടുന്ന സൂപ്പര്‍ഫാസറ്റ് ബസുകളില്‍ മിക്കതിന്റെയും കാലാവധി കഴിഞ്ഞതിനാല്‍ അടുത്തമാസം പിന്‍വലിക്കണം. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ഇനത്തില്‍ നാനൂറോളം ബസുകളുണ്ടെന്നാണ് കണക്ക്. പിന്‍വലിച്ചാല്‍ ദീര്‍ഘദൂര റൂട്ടില്‍ പല സര്‍വീസുകളും മുടങ്ങും. ഇതു മുന്നില്‍ കണ്ടാണ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴില്‍ നിന്ന് ഒന്‍പതാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശരിയായി അറ്റകുറ്റപ്പണിപോലും നടത്താത്ത ബസുകളുണ്ടാക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് പറയുന്നു. അഞ്ചുവര്‍ഷമായിരുന്ന കാലാവധി കഴിഞ്ഞിടെയാണ് ഏഴാക്കിയത്. ഡ്രൈവര്‍മാരില്ലാത്തതുകൊണ്ടും സ്പെയര്‍പാട്സ് ക്ഷാമം കൊണ്ടും ആയിരത്തിലധികം ബസുകള്‍ ഇപ്പോഴേ കട്ടപ്പുറത്താണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ ശബരിമല മണ്ഡലകാലം തുടങ്ങും. നിലയ്ക്കല്‍–പമ്പ റൂട്ടില്‍ ലോ ഫ്ലോര്‍ ബസുകള്‍ ഒാടിച്ചാലും ദീര്‍ഘദൂര സര്‍വീസിന് മറ്റു ഡിപ്പോകളില്‍ നിന്നു ബസുകളെടുക്കണം. ഇതു യാത്രാക്ലേശം രൂക്ഷമാക്കും. ശമ്പളം കൊടുക്കാന്‍ ഈ മാസവും പണമില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എഴുപത് കോടി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് പ്രതികരിച്ചിട്ടില്ല.

  • Share


  • To Join Our Group :

YOU MAY ALSO LIKE