Home Ponnani

പൊന്നാനി കടല്‍ തീരത്ത് പ്രതിരോധം തീര്‍ക്കാന്‍ ജിയോ ബാഗുകള്‍ എത്തി

  • By Ponnani      posted on 03-Sep-2019
  • 59 people read

പൊന്നാനി:കടലാക്രമണത്തെ പ്രതിരോധിക്കാൻ ജില്ലയിലെ തീരത്ത് കടൽഭിത്തിക്ക് പകരമായി ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് ഒരാഴ്ചക്കകം തുടക്കം കുറിക്കുക. പൊന്നാനി താലൂക്കിലെ മരക്കടവ്, കാപ്പിരിക്കാട് രണ്ടിടങ്ങളിലുമാണ് ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.82 മീറ്ററുകളിലായി പത്ത് ലക്ഷം രൂപ വീതം ചെലവിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക. പ്രവർത്തനത്തിനുള്ള ജിയോ ബാഗുകൾ ഛത്തീസ്ഗഡിൽ നിന്ന് പൊന്നാനിയിലെത്തിച്ചു. ജിയോഫാബ്രിക് ഫിൽട്ടർ താഴെ ഇട്ടതിന് ശേഷം, ഇതിന് മുകളിലായാണ് ജിയോ വോവൺ ബാഗുകൾ സ്ഥാപിക്കുക. കാലാവസ്ഥ അനുകൂലമായാൽ അടുത്ത ആഴ്ച മുതൽ തന്നെ കടൽ തീരത്ത് ബാഗുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. മഞ്ചേരിയിലെ കോൺട്രാക്ടർക്കാണ് നിർമ്മാണ ചുമതല .കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടൽഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. തിരമാലകൾ ബാഗിൽ പതിക്കുമ്പോൾ ശക്തി കുറയുകയും തിരമാലകൾക്കൊപ്പമുള്ള മണൽ തീരത്തേക്ക് കയറാതെ ബാഗ് തടഞ്ഞു നിറുത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാൽ തീരത്തു നിന്ന് മണൽ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും.ഇതോടൊപ്പം തന്നെ തീരത്ത് മാസങ്ങൾക്കകം ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുകയും ചെയ്യും. പദ്ധതിക്ക് ആഴ്ചകൾക്ക് മുമ്പ് തന്നെ ടെണ്ടറായിരുന്നു.അലിയാർ പള്ളി ഭാഗത്ത് നൂറു മീറ്റർ 75 ലക്ഷം രൂപ ചെലവിലും ,തെക്കേകടവ് ഭാഗത്ത് 175 മീറ്റർ 1,31,25000 രൂപ ചെലവിലും ,ഹിളർ പള്ളി, മുറിഞ്ഞഴി എന്നിവിടങ്ങളിലായി 50 മീറ്റർ വീതം 3,75,0000 ചെലവിലുമാണ് ജിയോ ട്യൂബ് സ്ഥാപിക്കുക. 20 മീറ്റർ നീളവും മൂന്ന് മീറ്റർ വിസ്തീർണ്ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളിൽ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. 4.4 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. എറണാംകുളം ചെല്ലാനത്ത് പദ്ധതി പരാജയമായതിനാൽ മാറ്റങ്ങളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

  • Share


  • To Join Our Group :

YOU MAY ALSO LIKE