Home Kunnamkulam

പുന്ന നൗഷാദ് വധം എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം

ചാവക്കാട് :പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻ.ഐ.എ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. കൊലയ്ക്ക് തീവ്രവാദബന്ധമുള്ളതിനാൽ എൻ.ഐ.എ. പോലുള്ള ഏജൻസികൾ കേസ് അന്വേഷിച്ചാലേ യഥാർഥ പ്രതികൾ പിടിയിലാകൂ എന്ന് നൗഷാദിന്റെ സഹോദരങ്ങൾ പറഞ്ഞു. അന്വേഷണസംഘം തന്നെ കേസ് അട്ടിമറിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കൊല നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭവത്തിൽ നേരിട്ട് പങ്കെടുത്ത പതിനഞ്ചോളം പ്രതികളിൽ രണ്ടുപേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഈ രണ്ട് പ്രതികൾക്ക് ഒളിവിൽ കഴിയാൻ അവസരം നൽകിയവരെ അറസ്റ്റുചെയ്യുകയോ നടപടി എടുക്കുകയോ ചെയ്തില്ല. പ്രതികൾ ആക്രമണത്തിനെത്തിയ ബൈക്കുകൾ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. നൗഷാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരെയും ഗൂഢാലോചന നടത്തിയെന്നു സംശയിക്കുന്നവരെയും ചൂണ്ടിക്കാട്ടിയിട്ടും പോലീസ് ചോദ്യംചെയ്യാൻ പോലും തയ്യാറായില്ല. കുറ്റാന്വേഷണരംഗത്ത് കഴിവുതെളിയിച്ച ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും നിലവിലുള്ള അന്വേഷണസംഘത്തെ എത്രയുംവേഗം മാറ്റാൻ സർക്കാർ തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു. നൗഷാദിന്റെ കുടുംബത്തിന് വേണ്ടി സഹോദരൻ കമറുദ്ദീനാണ് രംഗത്തെത്തിയത്. കഴിഞ്ഞ 30-ന് വൈകീട്ട് ആറരയ്ക്ക് പുന്ന സെന്ററിലെ മൈതാനത്തിലെ ഷെഡ്ഡിൽ നിൽക്കുമ്പോഴാണ് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലു പേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ ആശുപത്രിയിൽ മരിച്ചു. എസ്.ഡി.പി.ഐ. പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), എസ്.ഡി.പി.ഐ. പ്രവർത്തകനും പോപ്പുലർ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമായ പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30) എന്നിവർ മാത്രമാണ് കേസിൽ ഇതുവരെ പിടിയിലായത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE