Home Ponnani

പൊന്നാനിയില്‍ ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ത്ഥ്യമാകും:സ്പീക്കര്‍

  • By Ponnani      posted on 20-Aug-2019
  • 61 people read

പൊന്നാനിയിൽ ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ത്ഥ്യമാകും. വികസനത്തിന് ശക്തമായ ഇടപെടലുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പൊന്നാനി:പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂ റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു  വര്‍ഷത്തിനകം പൂര്‍ത്തിയാക്കി മ്യൂസിയം യാഥാര്‍ത്ഥ്യമാകുമെന്നും മ്യൂസിയത്തിന്റെ വളര്‍ച്ചക്കായി പ്രഗല്‍ഭരെ ഉള്‍പ്പെടുത്തി കമ്മ്യൂനിറ്റി ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ ഹാളില്‍ നടന്ന നിള ഹെറിറ്റേജ് മ്യൂസിയം ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു  സ്പീക്കര്‍.സമ്പന്നമായ നിള ( ഭാരതപ്പുഴ) യുടെ സംസ്‌കാരത്തെയും നിളയുടെ മടിത്തട്ടിലെ സാഹിത്യ സംസ്‌കാരിക ശാസ്ത്രയിടങ്ങളെയുംപുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണമെന്ന് സ്പീക്കര്‍ പറഞ്ഞു.   ഉത്ഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നതുവരെയുള്ള നിള നദിയുടെ യാത്ര, നദീതട സാംസ്‌കാരിക അനുഭവങ്ങള്‍, നിളയുടെ തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ  മുന്നേറ്റം, ശാസ്ത്രം, മിത്തുകള്‍, എല്ലാം  ഒഴുകിയെത്തുന്ന പൊന്നാനി എന്നീ വിഭാഗങ്ങളിലാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ച്ചകളൊരുക്കുക.ഡിജിറ്റല്‍ വിവരണങ്ങളും, വീഡിയോവിവരണങ്ങളും തലക്കെട്ടുകളും കാഴ്ച്ചകളിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ സഹായകരമായി സജ്ജമാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. വാഗണ്‍ ട്രാജഡി പോലെയുള്ള പ്രാധാന്യമേറിയ ചരിത്ര സംഭവങ്ങള്‍ മ്യൂസിയത്തില്‍  ഡിജിറ്റല്‍ വിഷ്വലേയ്‌സ് ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.കുട്ടികള്‍ക്ക് ഗൂഗിളില്‍ നിന്ന് ലഭിക്കാത്ത അറിവുകള്‍ പോലും കരസ്ഥമാക്കാനും വിവരങ്ങള്‍ നേടാനും ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.ഡിജിറ്റല്‍ ലൈബ്രറിയും ചര്‍ച്ചകള്‍ക്കായി വിവിധ ഇടങ്ങളും പരിപാടികള്‍അവതരിപ്പിക്കാനായി സ്റ്റേജും മറ്റു സംവിധാനങ്ങള്‍ അടങ്ങിയ ഹാളും കൂടി മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്പീക്കറുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2016 ലാണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000ചതുരശ്ര അടിയില്‍   ഒരുങ്ങുന്ന മ്യൂസിയം ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുമാണ്  നിര്‍മാണം.രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ചാ പരിമിതര്‍ക്ക് സുഗമമായി നടക്കുന്നതിന് മാര്‍ഗദര്‍ശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോ ഇടത്തും തയ്യാറാക്കിയ കിയോസ്‌കുകളിലൂടെ നയനേതര കാഴ്ചക്കാര്‍ക്ക് മ്യൂസിയത്തിലെ കാഴ്ചകള്‍ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും.   സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍  ക്യൂറേഷന്‍ ടീമംഗങ്ങളായ സാഹിത്യക്കാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗവുമായ എം.എം നാരയണന്‍ മാസ്റ്റര്‍, കേരള മ്യൂസിയം ഡയറക്ടര്‍ ചന്ദ്രശേഖന്‍ പിള്ള, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍  അനില്‍ വള്ളത്തോള്‍, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, പ്രാദേശിക ചരിത്രകാരന്‍ ടി.വി അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്റര്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി,   എ.വി ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ വി.വി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഐ.സി.എസ്. ആര്‍ ഡയറക്ടര്‍ ടി.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കൃഷ്ണകുമാര്‍,  അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി.വിജയന്‍, കെ.സാദിഖ് എന്നിവര്‍ പങ്കെടുത്തു. കേരള മ്യൂസിയം ഡയറക്ടര്‍ ചന്ദ്രശേഖരന്‍ പിള്ള ക്യൂറിഫിക്കേഷന്‍  പ്രവര്‍ത്തനത്തിന്റെ സാമ്പിള്‍ വീഡിയോ യോഗത്തില്‍ അവതരിപ്പിച്ചു.  തുടര്‍ന്ന് സ്പീക്കറും ക്യൂറേഷന്‍ ടീമംഗങ്ങളും നിള ഹെറിറ്റേജ്  മ്യൂസിയം സന്ദര്‍ശിച്ചു. റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

  • Share


  • To Join Our Group :

YOU MAY ALSO LIKE