Home Ponnani

കോടതി സമുച്ചയ സംരക്ഷണ പദ്ധതി എങ്ങുമെത്തിയില്ല പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തകര്‍ച്ചയുടെ വക്കില്‍

  • By Ponnani      posted on 24-Jul-2019
  • 73 people read

പൊന്നാനി കോടതി കെട്ടിട സമുച്ചയ സംരക്ഷണ പദ്ധതി എങ്ങുമെത്തിയില്ല. തകർച്ചയുടെ വക്കിൽ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊന്നാനി:ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള പൊന്നാനി കോടതി കെട്ടിടത്തിന്റെ പഴയ കാല തനിമയും, പ്രൗഡിയും നില നിർത്തി കൊണ്ടുള്ള സംരക്ഷണ പ്രവൃത്തികൾ അനന്തമായി നീണ്ടതോടെ മഴക്കാലത്ത് ചോർന്നൊലിച്ച് കോടതി കെട്ടിടം. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ മിക്കതും പൊട്ടിയതിനാൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മഴയെ പ്രതിരോധിക്കുന്നത്.കൂടാതെ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ വിള്ളൽ സംഭവിച്ച അവസ്ഥയിലാണ്.പൊന്നാനി കോടതി, ഫിഷറീസ് ഓഫീസ്, ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവ ഉൾകൊള്ളുന്ന കെട്ടിട സമുച്ചയമാണ് തകർച്ചയുടെ വക്കിലുള്ളത്. ചിലയിടങ്ങളിൽ മേൽക്കൂരയിലെ മര കഷ്ണങ്ങൾ ദ്രവിച്ചിട്ടുമുണ്ട്. കെട്ടിടം പഴയ മാതൃകയിൽ തന്നെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് ആർക്കിടെക്ച്ചറൽ വിംഗിന്റെയും, പി.ഡബ്യു.ഡി.കെട്ടിട വിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തി ഡോക്യുമെന്റേഷൻ പ്രവൃത്തികൾ നടത്തിയെങ്കിലും, റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. പൈതൃക സംരക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടു തന്നെ കെട്ടിടത്തിന്റെ കാലപ്പഴക്കനിർണ്ണയവും, കെട്ടിടത്തിന്റെ ബലക്ഷയം സംഭവിച്ച ഭാഗങ്ങൾ ഏതെന്ന് കണ്ടെത്തുകയും, ആവശ്യമായ മാറ്റങ്ങൾ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തുകയും ചെയ്യുന്ന പ്രാരംഭ നടപടികൾ മാത്രമാണ് ഇതിനകം നടന്നത്. നിലവിൽ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോടതിക്കായി പൊന്നാനി സിവിൽ സ്റ്റേഷനിലെ സ്ഥലം കണ്ടെത്തിയെങ്കിലും, ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഹൈകോടതിയിൽ നിലനിൽക്കുകയാണ്. വലിയ കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിൽ മഴക്കാലത്തിന് മുന്നോടിയായി നടക്കുന്ന ചെറിയ വർക്കുകൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE