ചങ്ങരംകുളം:ചാലിശ്ശേരി - മുക്കുട്ട റോഡിലൂടെ വലിയ വാഹനങ്ങൾക്ക് ഉണ്ടായിരുന്ന ഗതാഗത നിയന്ത്രണം പുനസ്ഥാപിച്ചു.നവീകരണത്തിന്റെ ഭാഗമായി ഒരു മാസത്തിലധികമായി ഗതാഗത നിരോധനം ഏർപ്പെടുത്തിയ ഈ പാതയിൽ വ്യാഴ്ച മുതലാണ് എല്ലാ വലിയ വാഹനങ്ങൾ ഓടി തുടങ്ങിയത്.ചാലിശ്ശേരി - മുക്കൂട്ട പാത സഞ്ചാരയോഗ്യമായത് വിദ്യാർത്ഥികൾക്കും ,വാഹന യാത്രക്കാർക്കും ഏറെ ഗുണകരമായി.പാലക്കാട് ,തൃശൂർ ജില്ലയിൽ നിന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം , പടിഞ്ഞാറങ്ങാടി ഭാഗങ്ങളിലേക്കും , സ്വകാര്യ ഡെന്റൽ കോളേജിലേക്കും എത്തുവാൻ എളുപ്പമാർഗ്ഗമാണ് ഈ പാത.ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് മൂക്കുട്ട വഴി കടന്ന് പോകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് മുക്കൂട്ട റോഡ് മൂന്നൂറ് മീറ്റർ ദൂരം കട്ട വിരിക്കുന്നതിന്റെ ഭാഗമായി നിരോധിച്ചത്. പണി പൂർത്തിയായിട്ടും വാഹനങ്ങൾ ഓടിക്കാതിരുന്നത് പ്രതിക്ഷേധത്തിനു കാരണമായിരുന്നു. തുടർന്ന് ഞായറാഴ്ച മുതൽ ചെറിയ വാഹനങ്ങൾ ഓടി തുടങ്ങി എങ്കിലും വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ വന്ന് ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും ഓടിക്കുന്നതിന് അനുമതിയായത്.വർഷങ്ങളായി ദേശവാസികളുടെ കാത്തിരിപ്പിനാണ് റോഡ് കട്ട വിരിച്ച് ഗതാഗതയോഗ്യമായതോടെ സാഫല്യമായത്.